ചൊല്ലാം രാമായണം
രാമചന്ദ്രം ഭജേ
Chollam Ramayanam (Ramachandram Bhaje)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,ചിത്ര അരുൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:27:44.
ചൊല്ലാം രാമായണം കഥ നിത്യവും
നല്ലൂ നല്ലതു വന്നു ഭവിച്ചീടാൻ
ചൊല്ലുന്നോരുടെ നാവിൽ മധുരവും
കേൾക്കുന്നോർക്കെല്ലാം കാതിന്നമൃതവും...

ആദിമഹേശ്വരനോടു ശ്രീ പാർവ്വതി
ചോദിച്ചനേരത്തു ചൊന്നതാണിക്കഥ
മാനവനല്ലല്ലോ രാഘവനോ സാക്ഷാൽ
മാധവൻ താനെന്നറിയുകയും വേണം

രാമാ രഘൂത്തമ സൂര്യ കുലോത്തമാ
രാജീവലോചന രാവണ ഭഞ്ജനാ...

ത്രേതായുഗത്തിലയോദ്ധ്യാപുരത്തിങ്കൽ
ജാതനായി കൗസല്യാ നന്ദനനായി രാമൻ
സോദരരാം ലക്ഷ്മണാദികളോടൊത്തു
മോദം കലർന്നു വളർന്നല്ലോ രാമനും

ബാല്യം കഴിഞ്ഞു കൗമാരമണഞ്ഞൊരു
കാലം കുലഗുരുവാകും വസിഷ്ഠനും
വേദ വേദാന്തവും ആയുധ വിദ്യയും
വേണ്ടതു പോലെ പഠിപ്പിക്കയും ചെയ്തൂ...

വില്ലും ശരങ്ങളുമേന്തി വിശ്വാമിത്രൻ
ചൊല്ലിയപോല്‍ യാഗരക്ഷയ്ക്കു പോയി
ശല്യമായീടുന്ന താടകയെ കൊന്നു
കല്ലാമഹല്യയ്ക്ക് മോക്ഷപദം നൽകീ...

പോരും വഴിക്കു മിഥിലയിൽ പോയി
പുകള്‍പേറും ത്രയംബക വില്ലു കുലച്ചല്ലോ
സീതയെ ശ്രീരാമ ചന്ദ്രന്‍ വരിച്ചല്ലോ
ഭാര്‍ഗ്ഗവരാമന്‍റെ ഭാരം ഹനിച്ചല്ലോ...

താതന്റെ സത്യം നിറവേറ്റുവാനായി
മോദമോടെ രാമന്‍ കാട്ടിലും പോയി
താടലില്‍ കൂടുവാന്‍ ലക്ഷ്മണന്‍ സീതയും
കൂടവേ തങ്ങളും ഉണ്ടെന്നുമായി

തന്നെ തിരിച്ചു വിളിക്കുവാന്‍ വന്നതാം
ഖിന്നന്‍ ഭരതനു പാദുകവും നല്‍കി
അച്ഛന്‍ മരിച്ചെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍
അശ്രു കണങ്ങള്‍ തെരു തെരെ തൂകീ...

വാത്മീകിയത്രേ സുധീഷ്ണനഗസ്ത്യനെന്‍
ഇത്യാദി മാമുനി ശ്രേഷ്ഠരേയും കണ്ടു
ഗൗതമീ തീരത്തു പഞ്ചവടിയിലായി
ആശ്രമവും തീര്‍ത്തു വാസവും കൊണ്ടൂ...

തന്നുടെ സോദരി ചൊല്ലവേ ശ്രീരാമന്‍
വന്നതു രാവണന്‍ താനുമറിഞ്ഞു
പൊന്മാനായി തുള്ളിക്കളിച്ച മാരീചന്റെ
പിന്നാലെ സീതയ്ക്കായി രാമനലഞ്ഞൂ...

ആരുമടുത്തില്ലാ നേരത്തു സീതയെ
തേരിലിരുത്തി ദശാസ്യന്‍ പറന്നു
ആ വനമാകവെ ജാനകിയെ തേടി
രാമനും സോദരന്‍ താനും നടന്നൂ...

കാട്ടില്‍ ചിറകറ്റു കേഴും ജടായുവോ
കൊണ്ടുപോയി രാക്ഷസന്‍ എന്നു മൊഴിഞ്ഞു
സീതയാ ലങ്കയില്‍ ഉണ്ടെന്നു ശ്രീരാമന്‍
ദര്‍ശനം സിദ്ധിച്ച ശബരി പറഞ്ഞൂ

ഋഷ്യ മൂകാചലത്തിങ്കല്‍ ഹനുമാനെ
സാക്ഷിയായി സുഗ്രീവ സഖ്യം നടന്നൂ
ശ്രീരാമന്‍ ബാലിയെ അമ്പെയ്തു കൊന്നു
സുഗ്രീവന്‍ കിഷ്ക്കിന്ധ രാജാവായി വാണൂ...

ദിക്കുകള്‍ നാലിലേക്കും സീതയെ തേടി
മര്‍ക്കട സംഘങ്ങള്‍ യാത്ര തിരിച്ചൂ
തെക്കോട്ടു പോയ ഹനുമാന്‍ കടല്‍ താണ്ടി
ലങ്കയില്‍ സീതയെ കണ്ടു മടങ്ങീ...

രാമന്‍ വരുണനെ മൂന്നുനാള്‍ പ്രാര്‍ത്ഥിച്ചു
സോമചൂഡലിംഗമൊന്നു പ്രതിഷ്ഠിച്ചു
അഞ്ചുദിനം കൊണ്ടു വാനരകൂട്ടമോ
ലങ്കയിലേക്കൊരു സേതുവും നിര്‍മ്മിച്ചൂ...

സീതയെ രാമനു തന്നെ തിരിച്ചേകാന്‍
ഓതിയ വേദങ്ങള്‍ കേട്ടില്ല രാവണന്‍
പിന്നെയുണ്ടായരണത്തില്‍ ദശാസ്യനെ
ബ്രഹ്മാസ്ത്രവും കൊണ്ടു കൊന്നു ശ്രീരാമനും

രാവണ നിഗ്രഹമൊക്കെ കഴിഞ്ഞു
വിഭീഷണനെ ലങ്കാരാജാവായി വാഴിച്ചു
സൗമിത്രി അഗ്നിതൻ കുണ്ഡവും നിര്‍മ്മിച്ചു
ചാരിത്ര്യ ശുദ്ധിയും സീത തെളിയിച്ചൂ...

സാമോദം പുഷ്പകമേറിയെല്ലാവരും
സാകേതം തന്നില്‍ തിരിച്ചുമെഴുന്നള്ളി
ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞല്ലോ
ക്ഷേമമായും രാമരാജ്യവും തെളിഞ്ഞല്ലോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts