തിരികെ യാത്ര
കണ്ണട വോ. I
Thirike Yaathra (Kannada Vol I)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമുരുകൻ കാട്ടാക്കട
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍മുരുകൻ കാട്ടാക്കട
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 02:28:34.

മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും

വാമനന്മാരായ് അളന്നളന്നവരെന്‍റെ
തീരങ്ങളില്‍ വേലിചാര്‍ത്തി
വേദന പാരതന്ത്രത്തിന്‍റെ വേദന
പോരൂ ഭഗീരഥാവീണ്ടും

തുള്ളികളിച്ചു പുളിനങ്ങളെ പുല്‍കി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞനാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്‍തെറ്റിനീരാടി നീന്തികളിച്ചനാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റുനിര്‍‌വൃതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍

കെട്ടുപോകുന്നുവസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും

എന്‍റെ പൈകന്നിന്നു നീര്‍ കൊടുത്തീടാതെ
എന്‍റെ പൊന്മാനിനു മീനുനല്‍കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലുനല്‍കീടാതെ
കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ

കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്‍കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം

പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്‍കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്‍കി

തീറ്റയും നല്‍കി തോറ്റങ്ങള്‍ നല്‍കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്‍കി
പാട്ടും പ്രണയവും കോര്ത്തു നല്‍കി
ജീവന സംസ്കൃതി പെരുമ നല്‍കി

സംഘസംഘങ്ങളായ് സംസ്കാരസഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍

വിത്തെടുത്തുണ്ണാന്‍ തിരക്കുകൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉല്‍പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍

ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്‍ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും

അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം

ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയുംഭൂമിക്കു പുളകമേകി
അളവുകോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴംതെരക്കുന്നു

ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വെയ്ക്കുന്നു ഭവാനെയും കാത്തുഞാന്‍
വന്നാ കരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം

മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts