ചന്ദ്രശേഖര സുപ്രഭാതം
ആനന്ദസംഗീതം
Chandrasekhara Suprabhatham (Anandasangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഏലൂർ ബിജു
ഗാനരചനപരമ്പരാഗതം
ഗായകര്‍ഏലൂർ ബിജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2021 17:32:13.
ശ്രീ മല്‍പാദാംബുജസേവകരനേകര്‍ വന്നീ
ശ്രീ കോവിലിന്‍ തിരുനടയ്ക്കല്‍ വണങ്ങി നില്‍ക്കേ
ശ്രീ നിദ്ര വിട്ടലിവിനോടു ഉണര്‍ന്നെണീയ്ക്കാ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

കുന്നും പുറത്തുകുളിര്‍ക്കാറ്റ് ജപം തുടങ്ങീ
കുന്നിന്‍ മകള്‍ക്കു മനയില്‍ മലര്‍ പൂജയായി
കുന്നും പുറത്തു മരുവുന്ന ജഗല്‍ പിതാവേ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

കുന്നില്‍ കിഴക്കു മികവാർന്നൊരു സൂര്യബിംബം
പൊന്നിന്‍കുടത്തിനഴകോടെ മിഴിച്ചു നോക്കി
നിന്നാനനം കണി തൊഴാനിതാ വന്നു നില്‍പ്പൂ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

നീ തന്നെയാണ് ഹരനും ഹരിയും വിരിഞ്ജന്‍
നീ തന്നെയാണ് പരനും പരമാത്മരൂപന്‍
നീ തന്നെ ദേവാ സകലാത്മകനെന്നും ഓര്‍ക്കാന്‍
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

നീ തന്നെയാണ് പലതായതുമെന്നും
എല്ലാം നിന്നില്‍ തളിര്‍ത്തു നിലനിന്നു ലയിപ്പുവെന്നും
നീ തന്നെ സര്‍ഗ്ഗലയഹേതുവുമെന്നുമോരാന്‍
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

നിന്‍ ലീലയില്‍ പലവിധത്തിലുയര്‍ന്നു താഴ്ന്നും
കണ്ണീരില്‍ മുങ്ങി അലിവിന്‍ കുളിയില്‍ ചിരിച്ചും
ഈ ലോകമെന്നുമുണരുന്നു തളര്‍ന്നിടുന്നൂ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

നീ തന്നെ മണ്ണിലിഴയുന്ന വിചിത്ര ജീവന്‍
നീ താന്‍ ജലത്തിലൊഴുകും മകരസ്വരൂപന്‍
നീ തന്നെ വായുവിലുയര്‍ന്നു പറന്നു വാഴ്‌വൂ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

നീ തന്നെ ശക്തി പരമാണുവുമുഗ്രരൂപന്‍
നീയാണു ഭക്തി പദവും മഹാതോമഹിയാം
നീ മാതൃരൂപി അലിവാര്‍ന്ന ജഗല്‍പിതാവും
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

നീ തന്നെയാണു ശ്രുതി മേധയുമൊക്കെ നീയേ
നീതന്നെയാണ് സ്മൃതി പുരാണവുമൊക്കെ ദേവാ
നീ പുഷ്ടി ദുഷ്ടി ഭവഭുക്തി മഹല്‍സ്വരൂപാ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

സത്വം രജസ്തമഗുണങ്ങളതൊക്കെ നീയേ
സത്വസ്വരൂപ പുരുഷന്‍ പ്രകൃതി സ്വരൂപന്‍
നീ നിര്‍ഗുണന്‍ സര്‍വ്വ ഗുണാനതീതന്‍
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

നിന്നില്‍ നിറഞ്ഞു മരുവുന്നു ജഗത് സ്വരൂപാ
നിശേഷദേവകള്‍ മൂര്‍ത്തികള്‍ ഋഷീശ്വരന്‍മാര്‍
വിശ്വേശ നിന്‍ ബഹുവിഭൂതികളാരറിഞ്ഞൂ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

ഒന്നായ നിന്നെയറിയാതെ അഹന്ത പൂണ്ടീ-
മണ്ണില്‍ വലിഞ്ഞു മരുവുന്ന മനുഷ്യരൂപര്‍
തമ്മില്‍ പിണഞ്ഞു മുടിയാനിടയാക്കിടൊല്ലേ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

കുന്നിന്‍ മകള്‍ക്കു നിധിയായ ഭവല്‍ സ്വരൂപം
കുന്നിന്‍ പുറത്തു മരുവുന്നൊരു ഭാഗ്യമോര്‍ക്കാന്‍
സര്‍ഗ്ഗസ്ഥിതിപ്രളയ ഹേതുവതായ ശംഭോ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

തത്വങ്ങള്‍ മുപ്പതു ഒരാറുമതുമോര്‍ത്തു ഞങ്ങള്‍
തത്വപ്രദക്ഷിണമതൊക്കെ നടത്തി വാഴ്ത്തൂ
തത്വാര്‍ത്തമൊക്കെയറിയാന്‍ വഴി നല്‍കിടേണം
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

കര്‍ത്താവിതെന്നു ക്രിയയെന്നു കരോമിയെന്നും
ഭര്‍ത്താവിതെന്നു മകനെന്നും അഹത്തില്‍ മുങ്ങീ
അര്‍ദ്ധാശരായി വെറുതെ ജനി പോക്കിടായ് വാന്‍
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

കാലസ്വരൂപ ഭഗവന്‍ കലികാലമാമീ ദാവാഗ്നിയില്‍
പൊറുതികെട്ടു തളര്‍ന്നു വീഴ്കേ
ദാഹാംഭുവായി കരളിലേറുക കാലകാലാ
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം

ഹേ!! ദേവ ദേവാ കണികണ്ടുണരേണമെന്നും
ഹേ!! ദേവ ദേവാ കണികണ്ടുണരേണമെന്നും
പ്രേമാര്‍ദ്രമാം തിരുവുടല്‍ സകലാമയഘ്നം
യോഗീശ രൂപാ കനിയേണമഹങ്ങള്‍ പോക്കാന്‍
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം
ശ്രീ ചന്ദ്രശേഖര വിഭോ തവ സുപ്രഭാതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts