താഴേയ്ക്കു പോകുന്നിതാ
പ്രസിദ്ധ കവിതകള്‍
Thaazhekku Pokunnithaa (Famous Poems)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമുരുകൻ കാട്ടാക്കട
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍മുരുകൻ കാട്ടാക്കട
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2013 04:00:06.

താഴേയ്ക്കു താഴേയ്ക്കു പോകുന്നിതാ
നമ്മൾ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കറ വറ്റി കർമ്മബന്ധം മുറിഞ്ഞൊടുവിലായ്
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ

കുഞ്ഞുകാറ്റിനോടിക്കിളി കൊച്ചു സല്ലാപങ്ങൾ
രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പി തുള്ളൽ കളികൾ
വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടി പെരുമ്പറ കലഹങ്ങൾ

മുത്തച്ഛനന്തിസൂര്യൻ നൽകും ഉടയാട
യെത്തിയുടുത്തിടം കണ്ണിമയ്ക്കും കളികൾ
സ്വച്ഛന്ദമന്ദാകിലൻ തഴുകുമിത്തിരി
ഇരവുകൾ ചന്ദ്രിക ചന്തങ്ങൾ

ഒക്കയുമന്യമായ് പോകുയാണിന്നു നാം
താഴേയ്ക്കു ചപ്പായ് ചവറായ്
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കറവറ്റി കർമ്മബന്ധം മുറിഞ്ഞൊടുവിലായ്
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ

നാവു വരളുന്നതുണ്ടെങ്കിൽ കനക്കേണ്ട
നാവിന്നു നാരായ മുനകളല്ല
നമ്മൾ കരിയിലകൾ നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല

ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടുപ്പിൻ തണുപ്പുമില്ല
നമ്മൾ കരിയിലകൾ നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടുത്തെ
സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം സരിത്തു സ്വന്തം
ശ്യാമ രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടുത്തെ
സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം സരിത്തു സ്വന്തം
ശ്യാമ രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഹിമകിങ്ങിണി പൊൻതണുപ്പു സ്വന്തം
സപ്ത സ്വരസുന്ദരം കുയിൽമൊഴികൾ സ്വന്തം
രാവിലൊളി കണ്ണിമയ്ക്കും ഉഡുനിരകൾ സ്വന്തം
ശ്യാമ രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഇത്തിരി പോന്ന ദിനങ്ങൾക്കു നടുവിൽ നാം
കൊത്തി വിരിയിച്ചവയൊക്കയും വ്യർത്ഥമാം
സ്വപ്നങ്ങൾ തൻ അണ്ഡമായിരുന്നു

ഇന്നേയ്ക്കും നാം വെറും കരിയിലകൾ
നമ്മിലെ ഹരിതാഭയും ജീവ രസനയും മാഞ്ഞു പോയ്
ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും
നദിപ്പാടു പോൽ വെറും വരകളായ് നമ്മളിൽ

പതറാതെ ഇടറാതെ ഗമനം തുടർന്നിടാം
എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ
നമ്മൾ കരിയിലകൾ നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടുപ്പിൻ തണുപ്പുമില്ല
നമ്മൾ കരിയിലകൾ നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല

സ്വച്ഛന്ദ ശാന്ത സുഖനിദ്രയ്ക്കിടം തേടി
മുഗ്ദ്ധമാം ആത്മ ബന്ധങ്ങൾക്കു വിടയേകി
ഒട്ടുമീ ലോകം നമുക്കില്ലയെന്ന ചിദ്-
സത്യം വഹിച്ചു വിട ചൊല്ലാം നമുക്കിനി

മത്സരിയ്ക്കാതെ വിയർക്കാതെ
പൂക്കളെ തഴുകി കളിച്ചാർത്തതോർക്കാതെ
പിന്നിലേയ്ക്കൊട്ടു വിളി
പാർക്കാതറയ്ക്കാതെ നീങ്ങിടാം

എന്ത് നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ
കണ്ണുനീരിപ്പോഴും ബാക്കിയെന്നോ
എന്ത് നിൻ കരളിൽ കുടുങ്ങിയൊരു പാട്ടു നിൻ
ചുണ്ടാം ചെരാതിൽ തെളിഞ്ഞുവെന്നോ
സ്നിഗ്ദ്ധമാമാ സൗരകിരണം പതിഞ്ഞ്
എന്റെയും ഹൃത്തിലൊരു മഴവില്ല് പൂത്തുവെന്നോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts