സ്പന്ദിക്കുന്ന അസ്ഥിമാടം
പ്രസിദ്ധ കവിതകള്‍
Spandikkunna Asthimaadam (Famous Poems)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനചങ്ങമ്പുഴ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2013 06:21:53.

അബ്ദമൊന്നു കഴിഞ്ഞിതാ വീണ്ടും
അസ്സുദിനമതെൻ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളിൽ
എത്ര കണ്ണീർ പുഴകളൊഴുകി

അത്തലാലലം വീർപ്പിട്ടു
വീർപ്പിട്ടെത്ര കാമുക ഹൃത്തടം പൊട്ടി
കാല വാതമടിച്ചെത്ര കോടി
ശ്രീല പുഷ്പങ്ങൾ ഞെട്ടറ്റു പോയി
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ
കഷ്ടമീ കൊച്ചു നീർപ്പോള മാത്രം
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ
കഷ്ടമീ കൊച്ചു നീർപ്പോള മാത്രം

ദു:ഖ ചിന്തേ മതി മതിയേവം
ഞെക്കിടായ്ക നീയെൻ മൃദു ചിത്തം
ഈ സുദിനത്തിലെങ്കിലുമൽപം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാൽ ഇന്നകമലിഞ്ഞെന്നിൽ
ഏകണേ നീയതിനനുവാദം
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാല സ്മൃതികളുമായ് ഞാൻ

സുപ്രഭാതമേ നീയെനിയ്ക്കന്നൊ
രപ്സരസ്സിനെ കാണിച്ചു തന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമൽ
സ്നേഹ മൂർത്തിയെ കാണിച്ചു തന്നു.
പ്രാണനും കൂടി കോൾമയിർ കൊള്ളും
പൂനിലാവിനെ കാണിച്ചു തന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെൻ
അന്നു കണ്ടപ്പൊഴാരോർത്തിരുന്നു
കർമ്മബന്ധ പ്രഭാവമേ ഹാ നിൻ
നർമ്മലീലകളാരെന്തറിഞ്ഞു

മായയിൽ ജീവകോടികൾ തമ്മിൽ
ഈയൊളിച്ചു കളികൾക്കിടയിൽ
ഭിന്ന രൂപ പ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാല ദേശങ്ങൾ പോരെങ്കിലോരോ
വേലി കെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരു കാന്ത ശക്തിയെന്നാലും
കണ്ടു മുട്ടുവാൻ ദേഹികൾക്കെന്നാൽ
എന്നു കൂടിയിട്ടെങ്കിലും തമ്മിലൊന്നു
ചേർന്നവ നിർവൃതിക്കൊള്ളും
മർത്ത്യ നീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈ കോർത്തു നിന്നാടും
അബ്ധിയപ്പോഴെറുമ്പു ചാൽ മാത്രം
അദ്രികൂടം ചിതൽപ്പുറ്റു മാത്രം
ഹാ വിദൂര ധ്രുവ യുഗം മുല്ല
പ്പൂവിതളിന്റെ വക്കുകൾ മാത്രം

മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യ നീതിയ്ക്കു സംതൃപ്തിയായി
ജീവനെന്താട്ടെ മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി
ഇല്ലതിൽക്കവിഞ്ഞാവശ്യമായി
ട്ടില്ലതിനന്യ തത്വ വിചാരം
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപിണ്ഡം തണലിൽ

പഞ്ചത ഞാനടഞ്ഞെന്നിൽ നിന്നെൻ
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ
പൂനിലാവല തല്ലുന്ന രാവിൽ
പൂവണിക്കുളിർ മാമരക്കാവിൽ
കൊക്കുരുമ്മി കിളിമരക്കൊമ്പിൽ
മുട്ടി മുട്ടിയിരിയ്ക്കുമ്പൊഴേവം
രാക്കിളികളന്നെന്നസ്ഥിമാടം
നോക്കി വീർപ്പിട്ടു വീർപ്പിട്ടു പാടും

താരകകളേ കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേത കുടീരം
ഹന്തയിന്നതിൻ ചിത്ത രഹസ്യം
എന്തറിഞ്ഞു ഹാ ദൂരസ്ഥർ നിങ്ങൾ
പാല പൂത്ത പരിമളമെത്തി
പാതിരയെപ്പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദ മന്ദം പൊടിപ്പതായ്ക്കേൾക്കാം
സ്പന്ദനങ്ങളീ കല്ലറയ്ക്കുള്ളിൽ
പാട്ടു നിർത്തിച്ചിറകുമൊതുക്കി
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ
അത്തുടിപ്പുകൾ ഒന്നിച്ചു ചേർന്നി
ട്ടിത്തരമൊരു പല്ലവിയാകും
മണ്ണടിഞ്ഞു ഞാനെങ്കിലുമിന്നും
എന്നണുക്കളിലേവമോരോന്നും
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു ദേവി
താദൃശോത്സവമുണ്ടോ കഥിപ്പിൻ
താരകകളേ നിങ്ങൾ തൻ നാട്ടിൽ
താദൃശോത്സവമുണ്ടോ കഥിപ്പിൻ
താരകകളേ നിങ്ങൾ തൻ നാട്ടിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts