മാമ്പഴം
പ്രസിദ്ധ കവിതകള്‍
Maampazham (Famous Poems)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനവൈലോപ്പിള്ളി ശ്രീധര മേനോന്‍
ഗായകര്‍വി മധുസൂദനന്‍ നായര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:50:25.

അങ്കണതൈമാവിൽ‌ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെ നാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മ തൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ച പോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌ പൂ
വിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലു കൊള്ളാഞ്ഞിട്ടല്ലേ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലു കൊള്ളാഞ്ഞിട്ടല്ലേ

പൈതലിൻ ഭാവം മാറി വദനാംബുജം വാടി
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ

തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീനനായവൻ വാഴ്‌കെ
അങ്കണതൈമാവിൽ‌ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ

തൻ മകന്നമൃതേകാൻ താഴോട്ടു നിപതിച്ച പൊൻ പഴം
മുറ്റത്താർക്കും വേണ്ടാതെ കിടക്കവേ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണീരിനാൽ അന്ധമാം വർഷാകാലം

പൂരതോ നിസ്തബ്ധയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈയ്ക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ പോയിതെങ്കിലുംകുഞ്ഞേ
നീയിതു നുകർന്നാലേ അമ്മയ്ക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
തരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈ കുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts