പാഥേയം
ഞാനെന്ന ഗാനം
Paadheyam (Njaanenna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:37.

വേര്‍പിരിയുവാന്‍ മാത്രം ഒന്നിച്ചു കൂടി നാം
വേദനകള്‍ പങ്കു വെയ്ക്കുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചു സുഖദു:ഖ മഞ്ചാടിമണികള്‍ ചേര്‍ത്തു
വച്ചു പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍ നമ്മളും
പിരിയുന്നു യാത്ര തുടരുന്നു

മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ (2)
പാടി മറയുന്ന പക്ഷികള്‍ മടങ്ങി വരുമോ
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണ്ണവും
പൈങ്കിളി കൊക്കില്‍ കിനിഞ്ഞ തേന്‍ തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും
മൌനപാത്രങ്ങളില്‍ കാത്തു വെച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെമാറാപ്പിലുണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നു

മുറ തെറ്റിയെത്തുന്നു ശിശിരം
വിറകൊള്‍വു തരു നഗ്നശിഖരം
ഒരു നെരിപ്പോടിന്റെ ചുടുകല്ലുകള്‍ക്കിടയി-
ലെരിയുന്ന കനലുകള്‍ കെടുന്നു
വഴിവക്കില്‍ നിന്നേറ്റി വന്ന വിറകിന്‍ കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നു

ഒടുവിലെന്‍ ഭാണ്ഡത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടു ചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്‍ചിമ്മും അഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി
പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം

ഒരു കപട ഭിക്ഷുവായൊടുവിലെന്‍ ജീവനേയും
ഒരു നാള്‍ കവര്‍ന്നു പറന്നു പോവാന്‍
നിഴലായ് നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന മരണമേ
നീ മാറി നില്‍ക്കൂ
അതിനു മുന്‍പതിനുമുന്‍പോന്നു ഞാന്‍ പാടട്ടെ
അതിലെന്റെ ജീവനുരുകട്ടേ
അതിലെന്റെ മണ്ണ് കുതിരട്ടെ പിളര്‍ക്കട്ടെ
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടേ
അതിനു മുന്‍പതിനുമുന്‍പോന്നു ഞാന്‍ പാടട്ടെ
അതിലെന്റെ ജീവനുരുകട്ടേ
അതിലെന്റെ മണ്ണ് കുളിരട്ടേ പിളര്‍ക്കട്ടേ
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts