Aaradimanninte Janmi (1972)
|
Producer | P Bhaskaran |
Director | P Bhaskaran |
Main Actors | Prem Nazeer,Madhu,Jayabharathi,Sheela |
Supporting Cast | Adoor Bhasi,Jose Prakash,Bahadoor,Sankaradi,TK Balachandran,Sujatha,Prema,Philomina,CA Balan,Paul Vengola,Ramankutty Menon,Aravindakshan,Pala Thankam,Shobha (Baby Shobha) |
Musician | RK Sekhar |
Lyricist | P Bhaskaran,Sreekumaran Thampi |
Singers | KJ Yesudas,S Janaki |
Date of Release | 04/02/1972 |
Number of Songs | 4 |
|
Old Song Book
"മഞ്ഞുതുള്ളിക്കു് ഒരു നിമിഷം, പൂവിനൊരു ദിവസം. അനാദിമദ്ധ്യാന്ത പ്രതിഭാസ ആകാശത്തിന്റെ കണ്ണില്‍ രണ്ടും ഒന്നു പോലെ തന്നെ."
ജനിച്ചുപോയാല്‍ മരിച്ചേ തീരൂ. ആരോരുമില്ലാത്ത ജന്മിയും ആറടി മണ്ണിന്റെ ജന്മിയാണു്. തുടങ്ങുന്നതെല്ലാം ഒടുങ്ങും. വിടരുന്നതെല്ലാം കൊഴിയും. ജീവിതത്തിന്റെ ഈ നശ്വര സ്വഭാവം അതീവ സുന്ദരമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു, സേതു എന്ന കഥാപാത്രത്തിലൂടെ.
അനാഥനായി വളര്‍ന്ന സേതുവിനു ജീവതത്തില്‍ ദുഃഖം മാത്രമായിരുന്നു ഏക സമ്പാദ്യം. ഇംഗ്ലീഷ് ബി എ ജയിച്ച സേതുവിനു് ഒരു പ്രസ്സിലെ ക്ലാര്‍ക്കായി ജോലി ചെയ്യേണ്ടിവന്നു. തന്റെ തകര്‍ച്ചയില്‍ മനം നൊന്തു കരയാനോ ദൈവത്തെ പഴിക്കാനോ അയാളിഷ്ടപ്പെട്ടില്ല. എല്ലാ വേദനകളും ഉള്ളലൊതുക്കി വച്ചു് ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും അയാള്‍ തീരുമാനിച്ചു.
തീരാത്ത നെഞ്ചുവേദനയുമായി ഡോക്ടര്‍ മേനോന്റെ നഴ്സിംഗ് ഹോമില്‍ അഭയം പ്രാപിച്ച സേതു അവിടെയും നര്‍മ്മബോധത്തിന്റെ നിലാത്തിരികള്‍ കത്തിച്ചു. ഡോക്ടര്‍ മേനോനും അദ്ദേഹത്തിന്റെ മകള്‍ ഡോക്ടര്‍ ജയന്തിയും സേതുവിന്റെ അച്ചടക്കമില്ലായ്മയെ കുറ്റപ്പെടുത്തിയെങ്കിലും അവര്‍ക്കും ക്രമേണ അവന്റെ നിഷ്ക്കളങ്കമായി പുഞ്ചിരിക്കു മുന്നില്‍ കീഴടങ്ങേണ്ടിവന്നു.
സേതുവിനെ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ച ദിവസം തന്നെയാണു് പ്രശസ്ത ഫുട്ബോള്‍ താരമായ പ്രസാദു് കാലൊടിഞ്ഞു് അവശനായ നിലയില്‍ അവിടെ എത്തിയതു്. സേതുവും പ്രസാദും മാനസികമായി അടുത്തു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ആത്മമിത്രങ്ങളായി തീര്‍ന്നു. ഡോക്ടര്‍ ജയന്തി ചെറുപ്പം മുതല്ക്കേ പ്രസാദിന്റെ ആരാധികയായിരുന്നു. ഡോക്ടറും രോഗിയുമായുള്ള അടുപ്പം വര്‍ദ്ധിച്ചതോടെ ആരാധന പ്രേമമായി രൂപാന്തരപ്പെട്ടു. വെറും വിനോദത്തിനു വേണ്ടി സേതു ഫിലിപ്പോസ് മുതലാളി എന്ന പ്രമേഹ രോഗിയുടെ പേരിലെഴുതിയ പ്രേമലേഖനം പ്രസാദിന്റെതാണെന്നു് ഡോക്ടര്‍ ജയന്തി തെറ്റിദ്ധരിക്കുന്നതോടെ ആ പ്രേമബന്ധം സുദൃഢമായിത്തീര്ന്നു.
നഴ്സിംഗ് ഹോമിലെ അന്തേവാസികള്‍ക്കെല്ലാം സേതു പ്രിയപ്പെട്ടവനായി തീര്‍ന്നു. അമ്മയില്ലാത്ത കൊച്ചു കുട്ടി മിനി സേതുമാമന്‍ കൊടുത്താലേ മരുന്നു കഴിക്കൂ. എല്ലാ രോഗികളും ഭയപ്പെടുന്ന പ്രൗഢയായ നഴ്സ് വിശാലാക്ഷി പോലും സേതുവിനെ മകനായി കരുതി. നഴ്സിംഗ് ഹോമിലെ സ്റ്റോര്‍കീപ്പര്‍ കേശവ കുറുപ്പം സേതുവിന്റെ സ്വഭാവത്തില്‍ ആകൃഷ്ടനായി. തന്റെ ഏക മകള്‍ സുമതിയെ സേതുവിനു വിവാഹം കഴിച്ചു കൊടുക്കണമെന്നയാള്‍ തീരുമാനിച്ചു. ആ വിവരം അയാള്‍ സേതുവിനോടു് തുറന്നു പറയുകയും ചെയ്തു. ഇരുട്ടില്‍ നടന്ന യാത്രക്കാരന് ഒരു ലക്ഷ്യനക്ഷത്രത്തെ കണ്ടെത്തി. ഉറങ്ങിക്കിടന്ന സേതുവിന്റെ അനുഭൂതിമണ്ഡലത്തില്‍ ഒരു പുതിയ സ്വപ്നം ചലനമുയര്ത്തി.
ഫിലിപ്പോസു മുതലാളിയെ കാണാന്‍ അനേകം പേര് വന്നുകൊണ്ടിരുന്നു. പ്രസാദിന്റെ ചെറിയമ്മയുടെ മകന് മുരളി ധൂര്‍ത്തടിക്കാനുള്ള പണം വാങ്ങാന്‍ ധനവാനായ ചേട്ടനെ വന്നു കണ്ടുകൊണ്ടിരുന്നു. എന്നാല്‍ ആഹാരസാധനങ്ങള്‍ ഒളിച്ചു വച്ചു തിന്നുന്ന ഫിലിപ്പോസു മുതലാളിയെ ഡോക്ടര്‍ ശകാരിച്ചതിനെ തുടര്‍ന്നു് അയാള്‍ നഴ്സിംഗ് ഹോം വിട്ടുപോയി. ധൂര്‍ത്തടിക്കാന്‍ വേണ്ടി മേലില്‍ പണം കൊടുക്കാന്‍ സാദ്ധ്യമല്ലെന്നു പ്രസാദ് തീര്‍ത്തു പറഞ്ഞപ്പോള്‍ മുരളിയും പിണങ്ങിപ്പോയി. പ്രസാദ് തന്റെ സ്വത്തുക്കള്‍ നഴ്സിംഗ് ഹോമിന്റെ പേരില്‍ എഴുതി വയ്ക്കാന്‍ തീരുമാനിച്ചു. ഒരേയോരു സന്ദര്ശ്ശകന് മാത്രം ഇടതടവില്ലാതെ സേതുവിനെ വന്നു കാണുമായിരുന്നു. പണം പലിശയ്ക്കു കൊടുക്കുന്ന ഷൈലോക്ക് ഔസേപ്പ്. സേതു അയാല്ക്കു് പലിശയും മുതലും ചേര്‍ത്തു നാലായിരം രൂപ കൊടുക്കാനുണ്ടു്.
ഉപരിപഠനത്തിനു് അമേരിക്കയിലേക്കു് പോകാന്‍ തയ്യാറെടുക്കുകയാണു് ജയന്തി. പാസ്പോര്‍ട്ട് വാങ്ങാന്‍ മദ്രാസിനു പോയിട്ടു് വാങ്ങിവരുമ്പോള്‍ പ്രസാദിനു നല്കാന് ഒരു ജോഡി ഷൂസ് അവള് വിലയ്ക്കുവാങ്ങി. പക്ഷെ അതു കാലില്‍ ധരിക്കാനുള്ള ഭാഗ്യം പ്രസാദിനുണ്ടായില്ല. രോഗം വര്‍ദ്ധിച്ചു് അവശനിലയിലായപ്പോള്‍ അയാളുടെ കാല് മുറിച്ചു കളയേണ്ടിവന്നു.
ബയോപ്സി റിസള്ട്ടു് കിട്ടിയതോടെ സേതുവിന്റെ രോഗം ശ്വാസകോശാര്ബ്ബുദമാണെന്നു തെളിഞ്ഞു. ഇനി ഏതാനം ദിവങ്ങള്‍ മാത്രം. സേതു ലോകത്തോടു് യാത്ര പറയും?
സേതുവിനെ മാത്രം സ്വപ്നം കണ്ടു കഴിയുന്ന സുമതിയുടെ നിലയെന്തു്? പ്രസാദും ജയന്തിയും തമ്മിലുള്ള പ്രേമബന്ധം വിവാഹത്തിലെത്തിക്കാന്‍ സേതു നടത്തുന്ന യത്നങ്ങള്‍ പാഴിലാകുമോ? അച്ചടക്കത്തില്‍ അടിയുറച്ചു വിശ്വാസിക്കുന്ന മേനോന് മകളെ ശിക്ഷിക്കമോ? ഷൈലോക്ക് ഔസേപ്പിന്റെ മനസ്സു മാറുമോ? മുരളി പ്രസാദിനോടു് പ്രതികാരം ചെയ്യുമോ? സേതുമരിക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം വെള്ളിത്തിര ഉത്തരം നല്‍കും.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം.
|
This page was generated on April 20, 2024, 1:13 am IST | |