നാറാണത്തു ഭ്രാന്തന്‍
നാറാണത്തു ഭ്രാന്തന്‍
Naranathu Branthan (Naranathu Branthan)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവി മധുസൂദനന്‍ നായര്‍
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍വി മധുസൂദനന്‍ നായര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2012 03:06:04.

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍
എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ല
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ല
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞ് തീചീറ്റുന്ന
നഗ്നമാം ദുഃസ്വര്‍ഗ്ഗ കാമമില്ല
വാഴ്വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉടയുന്ന
ചിടകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
നേരു ചികയുന്ന ഞാനാണു ഭ്രാന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍
കോലായിലീകാലമൊരു മന്തുകാലുമായ്
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ തിരഞ്ഞു നട കൊള്‍കേ
ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വരയിലേക്ക് തിരിയുന്നു

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതന്‍ വ്രതശുദ്ധി
വടിവാര്‍ന്നൊരെന്നമ്മയൊന്നിച്ച്
ദേവകള്‍ തുയിലുണരുമിടനാട്ടില്‍
ദാരുകല ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മ നെയ്യും
നാട്ടു പൂഴിപ്പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനിത്തിണ്ണയില്‍
ഇരുളിന്റെയാഴത്തിലദ്ധ്യാത്മ ചൈതന്യ-
മിമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍
ഈറകളിളം തണ്ടിലാത്മ ബോധത്തിന്റെ-
യീണം കൊരുക്കുന്ന കാടകപ്പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവച്ചിന്തുകേട്ടാടും വനങ്ങളില്‍
ആടിമേഘം പുലപ്പേടിവേഷം കളഞ്ഞാവണി-
പ്പൂവുകള്‍ നില്‍ക്കും കളങ്ങളില്‍
അടിയാര്‍ തുറക്കുന്ന പാടപ്പറമ്പുകളി-
ലഗ്നി സൂത്തസ്വരിത യജ്ഞവാടങ്ങളില്‍
വാക്കുകള്‍ മുളയ്ക്കാത്ത കുന്നുകളില്‍
വര്‍ണ്ണങ്ങള്‍ വറ്റുമുന്മതവാത വിഭ്രമ
ചുഴികളിലലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേലാ-
ര്യത്വമൂര്‍ജ്ജ രേണുക്കള്‍ ചൊരിഞ്ഞതും

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേയ്ക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തിന്‍ അനാഥത്വമോ
പൂര്‍വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാം
ദുര്‍മദത്തിന്‍ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായിനല്കിയോ -
രാന്ദ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
പത്തു കൂറായ് കൂറ്റുറപ്പിച്ചവര്‍
എന്റെയെന്റെയെന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹശ്ചിദ്ര ഹോമങ്ങള്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീമുഖം പൊലിയുന്നതും കണ്ട്
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിരമേയ്ച്ചു തുള്ളാത്ത
പെരിയ സത്യത്തിന്റെ നിര്‍വികാരത്ത്വമായ്
ആകാശ ഗര്‍ഭത്തിലാത്മതേജസ്സിന്റെ
ഓംകാര ബീജം തിരഞ്ഞും
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളര്‍ന്നും
ഉടല്‍ തേടിയലയുമാത്മാക്കളോ-
ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍

ചാത്തമൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍
ചേട്ടന്റെ ഇല്ലപ്പറമ്പില്‍
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടിയീ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടിയീ ഞാനും
ഇന്ദ്രിയം കൊണ്ടേ ചവയ്ക്കുന്ന താംബൂല-
മിന്നലത്തെ ഭ്രാതൃ ഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മളൊന്നെനു ചൊല്ലും ചിരിക്കും
പിണ്ഡം പിതൃക്കള്‍ക്കു വെയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെയന്നത്തിനന്ന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കത്തിനാളുകൂട്ടുന്നു
വായില്ലാക്കുന്നിലെ പാവത്തിനായ്
പങ്കു വാങ്ങി പകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജഠരാഗ്നിയത്രേ

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാ-
നൊരുകോടിയീശ്വര വിലാപം
ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ-
നൊരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ് കുമ്പിള്‍ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അര്‍ഥിയില്‍ വര്‍ണ്ണവും വിത്തവും തപ്പുന്നു
ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാണ്
ഊഴിയില്‍ ദാഹമേ ബാക്കി

ചാരങ്ങള്‍പോലും പകുത്തുതിന്നുന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും
എന്റെ ചുടലപറമ്പിനെ, തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്ന്
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്ന് ഒരദ്വൈത പദ്മമുണ്ടായ് വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്ന്
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ് വിശ്വസ്വയംപ്രഭാപടലം
ഈ മണ്ണില്‍ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts