താമരപ്പൂക്കളും ഞാനും
കാവ്യഗീതികൾ 2
Thamarappookkalum Njanum (Kaavyageethikal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:20.

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടിൽ

കന്നിനിലാവുമിളം വെയിലും വന്ന്
ചന്ദനം ചാർത്തുന്ന നാട്ടിൽ

ഒന്നിച്ച് ഞങ്ങളുറങ്ങും ഉറക്കത്തിലൊന്നേ
മനസ്സിനു മോഹം

ഒന്നിച്ചുണരും ഉണർന്നെഴുന്നെൽക്കു
മ്പോളൊന്നേ മിഴികളിൽ ദാഹം


ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ
താമരപ്പൂവുകൾ തോറും

എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മ വെച്ചിടും
പൊന്നിലത്തുമ്പികൾ പോലെ

രോമഹർഷങ്ങൾ മൃദുപരാഗങ്ങളി
ലോമന നൃത്തങ്ങളാകും

എന്നുമാ കല്ലോലിനിയിൽ ഹംസങ്ങൾ
പോലെന്നിലനുഭൂതികൾ നീന്തും

നൃത്തം കഴിഞ്ഞു പരാഗങ്ങളിൽ സ്നാന
ശുദ്ധരായെത്തും കിനാക്കൾ

എന്നിലെ സഞ്ചിത സംഗീതവീചിയിൽ
എങ്ങോ മിഴി നട്ടു നിൽക്കും

കാനനപ്പൊയ്കയിൽ കണ്ണാടി നോക്കുന്ന
താമരമൊട്ടുകൾപോലെ

മണ്ണിനെനോക്കി കൊതി തുള്ളി നിൽക്കുന്ന
വിണ്ണിലെത്താരകൾ പോലെ

പൂവിൻ പുളകമാം പൂമ്പൊടിച്ചാർത്തിലെ
ജീവ ചൈതന്യവുമായി

എന്നനുഭൂതികളെന്നിലെ സങ്കപ്ല
നിർമ്മാണ ശാലയിലെത്തും

ഓരോ പരാഗവുമെന്നിലെത്തീയിൽ വ
ച്ചൂതി തനിത്തങ്കമാക്കും

കൈവിരൽ മുട്ടിയാൽ പാടി തുടങ്ങുമെൻ
ജീവിത വീണ തൻ മാറിൽ

അത്തനിത്തങ്കമുരുക്കിയുണ്ടാക്കിയ
സപ്തസ്വരക്കമ്പി പാകും


തന്ത്രികൾ തോറുമാപ്പൂവിൻ കിനാവുകൾ
നിന്നു തുടിക്കുന്ന നാദം

ഭാവ വൈകാരിക വൈചാരികാംശങ്ങൾ
ചാലിച്ചു ചാലിച്ചു കൂട്ടി

ചിത്രപ്പെടുത്തിയതാണു ഞാനീക്കൊച്ചു
സപ്തവർണ്ണോജ്ജ്വലചിത്രം

എന്റെ ചിത്രത്തിലെ പൂവിന്നു കൂടുതൽ
ഉണ്ടായിരിക്കാം ദലങ്ങൾ

കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ
കണ്ടിരിക്കാമതിനുള്ളീൽ

എന്റെ ചിത്രത്തിലെ താമരപ്പൂവിലു
ണ്ടെന്നനുഭൂതി തൻ നാദം


ക്യാമറച്ചില്ലിൽ പതിഞ്ഞേക്കുമാക്കൊച്ചു
പൂവിൻ യഥാതഥ രൂപം

എന്റെയീ ക്യാന്വാസിൽ നിങ്ങൾ കണ്ടില്ലെങ്കി
ലെന്നെ പഴിക്കരുതാരും

ഭാവനയ്ക്കുള്ളിലും ക്യാമറയ്ക്കുള്ളിലും
ജീവിതം ചെന്നിറങ്ങുമ്പോൾ

റിയലിസവും റിയാലിറ്റിയും പ്രതി
ച്ഛായകൾ രണ്ടായിരിക്കും

ഒന്നിൽ പ്രകൃതിയും മാനവാത്മാവുമായ്
ഒന്നു ചേരുന്നതു കാണാൻ

ഒന്നിൽ പ്രകൃതിയൊരിത്തിരിച്ചില്ലിന്റെ
മുന്നിൽ നിൽക്കുന്നതും കാണാം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts